
ഒരായിരം നീര്‍ത്തുള്ളി
ഒരേ ഉയിരായ്
ഒരായിരം താളത്തില്‍
നെഞ്ചേററും നദിയിവള്‍
ഒരു നാടിന്‍ സ്പന്ദനം
ഇരുകൈയ്യാല്‍ ഉണര്‍ത്തുമിവള്‍
ഒരു കരസ്പര്‍ശത്താല്‍
ഹരിതാഭ പടര്‍ത്തിയിവള്‍
നിറഞ്ഞ മാറിന്‍ മധു
ചൊരിഞ്ഞു തീരും മുന്പേ
തനിച്ചു തന്‍ കുഞ്ഞിനെ
മൃതിക്ക് കൂട്ടായ് വിട്ട്,
വിളര്‍ത്ത മൃതിയെ മാത്രം
മടിയില്‍ കിടത്തുമിവളെ
ശപിച്ചിരിക്കാം പലരും
പലവട്ടം പലവിധം....
കടുത്ത ശാപത്തിന്‍
ഫലത്തില്‍ നീയിന്ന്
മരിക്കുന്നു പലവട്ടം
പലവിധം ദിനവും
ജനിച്ച നാള്‍ മുതല്‍
പലവുരു മര്‍ത്യന്‍റെ
കടുത്ത പാപത്തിന്‍
കറനിന്നില്‍ പുരളുന്നു.
ഋതുമതി നിന്‍മാറ്
പിളര്‍ന്ന് ജീവനും
നാഡിയും ജീവരക്തവും
കവര്‍ന്നു നുകര്‍ന്നവന്‍....
വിടര്‍ന്ന യൌവനം
തുളുമ്പും പ്രായത്തില്‍
വരണ്ടു വികലമായ്
തളര്‍ന്നു കിടന്നു നീ ..
ഉരുകിയ നെഞ്ചിന്‍ ശാപമോ
ഉയിരേകും വിധാദാവിന്‍ വികൃതിയോ
വികലം മനുജന്റെ കേളിയോ
ഹനിക്കുന്നിവളെ പലവുരു പലവിധം ...
